Social Icons

Friday, 8 November 2013

ടീച്ചര്‍


ഞാനുണ്ടാക്കിയ കാറ്റാടി
എന്തിനാണ് ടീച്ചര്‍ തല്ലിപ്പൊട്ടിച്ചത് .
ഞാന്‍ എട്ട് എന്ന് എഴുതിയപ്പോള്‍
അതിന് ചിത്രശലഭത്തിന്റെ രൂപമായത്
ആരുടെ കുഴപ്പമാണ് ?
ടീച്ചര്‍ കഠോര ശബ്ദത്തില്‍ കവിതകള്‍ പാടുമ്പോള്‍
ജനാലക്കരികില്‍ നിന്ന് കളിയാക്കിയ പ്രാവിന്  പകരം 
ക്ലാസില്‍ നിന്ന് പുറത്തായത് ഞാനാണ്.

നിങ്ങളുടെ മകന്‍ പമ്പര വിഡ്ഢിയാണ്
അവനെ ഒന്നിനും  കൊള്ളില്ലെന്ന്
പ്രിയപ്പെട്ട ടീച്ചര്‍ പറഞ്ഞപ്പോള്‍
അമ്മയുടെ കണ്‍ കോണുകളില്‍ ഉരുണ്ടുകൂടിയ
കണ്ണുനീര്‍ തുള്ളികള്‍ സമ്മാനിച്ചത്
ടീച്ചര്‍ പഠിപ്പിച്ച ലാവയുടെ ഓര്‍മ്മകളാണ്.
 ഞങ്ങള്‍ക്കു പുറകില്‍ അടയുന്ന സ്കൂള്‍ ഗേറ്റിന്റെ
ശബ്ദം  കേട്ട് എന്തിനാണ്  അമ്മ കാതു പൊത്തിയത്.

ചിന്തകള്‍ക്ക് തീപിടിക്കുമ്പോള്‍ താരാട്ടുപാട്ടായി
അമ്മ അരികിലെത്തി.
കയ്ചിട്ട് ഇറക്കാന്‍ വയ്യാത്ത് കണക്കിന്, അമ്മ
അമ്മിഞ്ഞപ്പാലിന്റെ മധുരമേകി.
അമ്മ ടീച്ചറാകുന്നതും , ടീച്ചര്‍ അമ്മയാകുന്നതും  ഞാനറിഞ്ഞു.
എനിക്ക് എന്റെ ടീച്ചറോട് വെറുപ്പില്ല...... കാരണം
ടീച്ചറുടെ വീട്ടില്‍ സ്വിച്ചിട്ടാല്‍ കത്തുന്ന ഇലക്ട്രിക് ബള്‍ബ്
കണ്ടുപിടിച്ചത് ഞാനാണ്.

(തോമസ് ആല്‍വ എഡിസണെ ക്കുറിച്ച്)

                                                                 കിഷോര്‍ .എം.വി
                                                      ജി.വി.എച്ച്.എസ്.എസ് കൊപ്പം

No comments:

Post a Comment